മംഗൾയാൻ നൽകുന്ന തിരിച്ചറിവുകൾ...
ജിം തോമസ് കണ്ടാരപ്പള്ളിൽ, നോട്ടിന്ഘാം
05.11.2013....ഇന്ത്യയുടെ ചരിത്രത്തിലെ അഭിമാനമുഹൂർത്തം.....!
ലോകത്താകമാനം ഉള്ള 196 രാജ്യങ്ങളിൽ കേവലം മൂന്നേ മൂന്നു രാജ്യങ്ങൾ സ്വായത്തമാക്കിയ ഒരു സാങ്കേതിക വിദ്യ, സ്വപരിശ്രമത്തിലൂടെ ഇന്ത്യ സ്വന്തമാക്കിയ അസുലഭ മുഹൂർത്തം....!!
ഈ മഹാ സംരഭത്തിന്റെ സാങ്കേതിക വശങ്ങളിലേക്കൊന്നും കൂടുതൽ കടക്കുന്നില്ല: ഇതിനോടകം തന്നെ, വായനക്കാരിൽ ചിലരെങ്കിലും അവയെല്ലാം അഭിമാനപൂർവ്വം ഹൃദസ്ഥമാക്കിയവയാണ്. പക്ഷെ ഏറെയൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കാര്യം ഉണ്ട്.
ഇന്ത്യയിൽ ജനിച്ച്, ഇന്ത്യക്കാരനായി ജീവിച്ച്, ഇന്ത്യൻ വിദ്യാഭ്യാസം നേടി, ഇന്ത്യക്കാരനായി ചിന്തിച്ചു വളർന്നു വന്ന ആയിരത്തിലധികം ശാസ്ത്രഞ്ജന്മാർ, എന്തിനും ഏതിനും സായ്പ്പിന്റെ രീതികളെ സ്തുതിച്ച്, ഇന്ത്യയെയും ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും പുച്ചിച്ചു തള്ളുന്ന അഭിനവ ഇന്ത്യൻ സായ്പ്പുമാരുടെ മുഖത്തേക്ക്, അവരറിയാതെ നല്കിയ ഒരു പുലയാട്ടു തന്നെയാണ് ഈ വിജയം...!
ആയിരത്തിലധികം ശാസ്ത്രഞ്ജൻമാരാണ് ഈ മഹാസംരഭത്തിൽ പങ്കാളികളായത്. ജനിച്ചനാൾ മുതൽ തങ്ങൾ കടന്നു പോയ ഓരോ ദിവസങ്ങളിലും അവർ തിരിച്ചറിഞ്ഞ ഓരോ അറിവുകളും, ഈ സംരഭത്തിനവർ പ്രയോജനപ്പെടുത്തിയിരിക്കും. ഒരിക്കലും, അക്കാഡമികളിൽ നിന്നും പഠിച്ചവ മാത്രം ആയിരിക്കില്ലല്ലോ അറിവിന്റെ അവസാനം.
ചന്ദ്രയാനിൽ കണ്ട വിജയം ഇവിടെ മംഗൾയാനിലും ആവർത്തിക്കുന്നു. രണ്ടിടത്തും വിജയിച്ചത് തക്ഷശില-നളന്ദ സർവ്വകലാശാലകൾക്ക് ചരിത്രാതീത കാലത്തുതന്നെ രൂപം കൊടുത്ത ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ശക്തി തന്നെ ആണ്. അന്ന്, ഗുരു ദ്രോണാചാര്യർക്ക്, സ്വന്തം വിരൽ മുറിച്ചു നല്കി, ഗുരുവിനെ സ്നേഹിക്കാൻ ബഹുമാനിക്കാൻ വേണ്ടി ഏകലവ്യൻ ദക്ഷിണ നൽകിയെങ്കിൽ, ഇന്ന്, ഈ ആയിരത്തിലധികം ശാസ്ത്രഞ്ജന്മാർ, ഈ മംഗൾവിജയമെന്ന തള്ളവിരൽ മുറിച്ചു ഇന്ത്യയെന്ന ഗുരുവിനു മറ്റൊരു ഗുരുദക്ഷിണയാണ് നല്കിയിരിക്കുന്നത്. വിദേശസ്ഥാപനങ്ങളിൽ, ഒരുപക്ഷെ ഉന്നത സേവന വേതന വ്യവസ്ഥകളിൽ നല്കപ്പെട്ട വാഗ്ദാനങ്ങൾ നിരസിച്ചു കൊണ്ട്, ജന്മനാടിന്റെ ശ്രേയസ്സിന് വേണ്ടി പ്രയത്നിക്കാൻ തയ്യാറെടുത്തവരുടെ മനം നിറഞ്ഞ ഗുരുദക്ഷിണ. അതെ, ഇതാണ് യഥാർത്ഥ ബോധമുള്ള, ആരും ആവശ്യപ്പെടതെ തന്നെയുള്ള ഗുരുദക്ഷിണ...!
മാതാവും പിതാവും കഴിഞ്ഞാൽ ഗുരുവിനെ ദൈവ തുല്യനായി കാണുന്ന, ഗുരുശിഷ്യബന്ധത്തിന് സ്വാത്വിക പരിവേഷം നൽകുന്ന, ആശ്മേറിയ അറിഷ്ടാനങ്ങളിലും ഉന്നതമായ ലക്ഷ്യത്തിലും നിലകൊള്ളുന്ന ഭാരതീയ വിദ്യാഭ്യാസം, ഇത്തരത്തിലുള്ള ആയിരകണക്കിനല്ല, ലക്ഷകണക്കിന് ശാസ്ത്രന്ജന്മാരെ തരുന്നുവെങ്കിൽ, അമ്മേ, ഭാരതാംബേ, നിനക്കിനിയും ഒരായിരം വിരലുകൾ ദക്ഷിണയായി ലഭിക്കും; തീർച്ച...!
വൈദേശിക ആധിപത്യത്തിന്റെ ബൂട്സ് നെഞ്ചിലും മുഖത്തും മാറി മാറി പതിയുമ്പോഴും ത്രിവർണ്ണ പതാകയിൽ പൊടിപോലും പറ്റാതെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട്, 'ക്വിറ്റ് ഇന്ത്യ' എന്നുറക്കെ പറഞ്ഞ്, അടിമത്വത്തിൽ നിന്നും നമ്മെ മോചിപ്പിച്ച, മണ്മറഞ്ഞ ഒരുപാട് ഒരുപാട് ദേശസ്നേഹികൾ, ആകാശത്തെ ദശലക്ഷകണക്കിനു നക്ഷത്രങ്ങളുടെ ഇടയിൽ നിന്ന്, ഈ വിജയം കണ്ടു പുഞ്ചിരിക്കുന്നുണ്ടാവും; സന്തോഷാശ്രുക്കൾ പൊഴിക്കുന്നുണ്ടാവും; തീർച്ച...!
സായിപ്പിനെക്കാണുമ്പോൾ കവാത്ത് മറക്കുന്ന "മലയാലി" സായിപ്പുമാർക്ക് ഈ വായന അരോചകമായിരിക്കും എന്നറിയാം. അതറിഞ്ഞു കൊണ്ട് തന്നെ പറയാം, ഇന്നും, ഇന്ത്യൻ വിദ്യാഭ്യാസം 1950 കളിലെ 'ദേവിവിലാസം LP സ്കൂൾ ' മാത്രം ആണെന്ന് കരുതുന്ന, സ്വന്തം മക്കൾ അണമുറിയാതെ ഇംഗ്ലീഷ് പറയുന്നതാണ്, ഏറ്റവും നല്ല വിദ്യാഭ്യാസം എന്ന് കരുതുന്ന ഈ അഭിനവ സായ്പ്പന്മാർ മനസ്സിലാക്കുക, ഇക്കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ, യുകെയിലെ തന്നെ സംഘടനയുടെ ലണ്ടൻ കേദ്രമാക്കി പ്രവർത്തിക്കുന്ന ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ടിന്റെ യുനെസ്കോയിൽ നിന്നടക്കമുള്ള ലോകജനസംഖ്യയുടെ തൊണ്ണൂറ്റിയാറ് ശതമാനം വരുന്ന രേഖകളെ അടിസ്ഥാനമാക്കി നടത്തിയ സർവ്വേ ഫലം അനുസരിച്ച്, യുകെയ്ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ലോകത്ത് മുപ്പതാം സ്ഥാനം മാത്രമേ ഉള്ളൂ; അതും ലിത്വാനിയ. ലാത്വിയ, ഹംഗറി എന്നീ പട്ടിണീ രാജ്യങ്ങൾക്കും താഴെ! അല്ല, അത് കൊണ്ടായിരിക്കുമല്ലോ, ഒരിക്കൽ മംഗൾയാൻ പോലൊരു പദ്ധതി തുടങ്ങിയിട്ട്, ബ്രിട്ടൻ അത് തുടങ്ങിയിടത്തു തന്നെ ആരുമറിയാതെ അവസാനിപ്പിച്ചത്...!
ഇതിന്റെ മറുവശം; ഡെയിലി മെയിൽ പോലെയുള്ള കുട്ടിപ്പത്രങ്ങളുടെ ചുവടു പിടിച്ച്, സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലും മറ്റും കണ്ട വലിയൊരു വിമർശനമായിരുന്നു, ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന ഇന്ത്യക്കിത് വേണമായിരുന്നോ എന്നത്.
ഇന്ത്യയെ കാർന്നു തിന്നുന്ന ഈ രണ്ടു ദുരവസ്ഥക്കും കാരണം ഭരണപരമായ, രാഷ്ട്രിയപരമായ പിടിപ്പുകേടുകളാണ്. അതിനെ ഈ ജയവുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല. ഇങ്ങിനെ ഒരു സംരംഭം ഇല്ലായിരുന്നുവെങ്കിൽ, ഇതിൽ പങ്കാളികളായ ആയിരത്തിൽപ്പരം ശാസ്ത്രന്ജന്മാരും, മറ്റു സാങ്കേതിക വിദഗ്ദ്ധരുടെയും മഹത്തായ ഈ കഴിവുകൾ എവിടെ പ്രദർശിപ്പിക്കുമായിരുന്നു...? അതോ, അവരെല്ലാം, നാസയുടെയോ, മറ്റേതെങ്കിലും രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമാകണമായിരുന്നോ..? സ്വന്തം രാജ്യവും മാനവും നല്കുന്ന സുഖമുപേക്ഷിച്ചു പ്രവാസികളായിക്കഴിയണമായിരുന്നോ...? അതോ, തങ്ങളുടെ കഴിവുകൾ, ദാരിദ്ര്യത്തിന്റെ പേര് പറഞ്ഞു ഉള്ളിലൊതുക്കിക്കഴിയണമായിരുന്നോ ..?
ദാരിദ്ര്യത്തിനും പട്ടിണിക്കും കാരണക്കാരായ രാഷ്ട്രിയ നേതൃത്വത്തെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചു പാഠം പഠിപ്പിക്കുന്നതിന്നു പകരം, അതിനു കഴിയാതെ, സമയമാകുമ്പോൾ ജാതിയുടെയും കൊടിയുടേയും നിറം നോക്കി ഏതു എമ്പോക്കിയെയും ജയിപ്പിച്ചു വിട്ടിട്ട് , പിന്നീട് ഇത്തരത്തിലുള്ള നല്ല കാര്യങ്ങൾ കാണുമ്പോൾ ദാരിദ്ര്യത്തിന്റെ പേര് പറഞ്ഞു വിമർശിക്കാൻ ശ്രമിക്കുന്നത് നമ്മളിലെ കപടതയാണ് തുറന്നു കാട്ടുന്നത്. ചന്ദ്രയാൻ സംരഭത്തിലൂടെ വിക്ഷേപിക്കപ്പെട്ട കാലാവസ്ഥാ നിരീക്ഷണ സാറ്റലൈറ്റുകളുടെ സഹായം മൂലമാണ് കഴിഞ്ഞ മാസം വീശിയടിച്ച ചുഴലിക്കാറ്റിൽ പതിമൂന്നു ജീവനുകൾ മാത്രം ത്യജിച്ചു ബാക്കി ജീവനുകൾ രക്ഷിക്കനായത്. ഓർക്കുക, രണ്ടായിരത്തി ഒന്നിൽ സുനാമി വന്നു നമുക്ക് നഷ്ടപ്പെട്ടത് പതിനായിരത്തിനടുത്ത് വിലപ്പെട്ട ജീവനുകളാണ്. 450 കോടി കൊണ്ട് 100 നു പകരം 1000 ജീവൻ രക്ഷിക്കാനായാൽ അത് ചെറിയ ഒരു കാര്യമാണോ..?
ചൊവ്വാ ദൌത്യം സ്വന്തമായുള്ള ഇന്ത്യക്ക് ഇപ്പോഴും AID കൊടുക്കുന്നതിൽ പരിഭവിക്കുന്ന ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ ഒന്ന് മനസ്സിലാക്കണം; വേണ്ടെന്നു പറഞ്ഞിട്ടും കൊടുക്കാൻ ധൃതി കാട്ടുന്ന ഈ എയിഡ്, നിങ്ങളുടെ സ്നേഹകൂടുതൽ കൊണ്ടല്ല, പകരം 'Give and Take' തന്ത്രത്തിന്റെ ഭാഗമാണ് . ജാഗ്വാറും ലാൻഡ് റോവറും, കോറസ് സ്റ്റീലും ഒക്കെ ഏറ്റെടുത്തു, സ്വന്തരാജ്യത്തെ രക്ഷിക്കുന്നതിനുള്ള പ്രത്യുപകാരനേർച്ചയാണെന്ന്, ഭാരതത്തിനറിയാം. ഒന്നേ പറയാനുള്ളൂ...., 'Just peanuts..!'- മുൻ ധനകാര്യമന്ത്രി പ്രണബ് മുഖർജി പറഞ്ഞത് പോലെ....!
ബിബിസി അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത് അതേപടി ഏറ്റു പറയുന്നതിലൂടെ ഇതിനെ വിമർശിക്കുന്ന ചിലരെങ്കിലുമുണ്ടെന്നത് കഷ്ടം തന്നെ...! അവർ, തങ്ങളിപ്പോഴും സക്കറിയയുടെ വിധേയനിലെ 'തൊമ്മിക്കുഞ്ഞു'മാരാണെന്ന് സ്വയം അടി വരയിടുകയാണ്; ഏറ്റു പറയുകയാണ്.
വെറും 450 കോടി കൊണ്ട് ഇത്രയും വലിയൊരു സംരംഭം വിജയിപ്പിച്ചതിൽ ഐഎസ്ആർഓ യിലെ മുഴുവൻ ജീവനക്കാരും അഭിനന്ദനം അർഹിക്കുന്നു. അവർക്ക് നിറഞ്ഞ മനസ്സോടെ അഭിവാദ്യങ്ങൾ അർപ്പിക്കുമ്പോഴും, കൂടെ, ഈ വിജയങ്ങൾ നൽകുന്ന തിരിച്ചറിവുകൾ കെടാതെ നമ്മുടെ തുടിക്കുന്ന മനസ്സിൽ അഭിമാനത്തോടെ സൂക്ഷിക്കുക, ചുണ്ടിൽ വന്ദേ മാതരത്തിന്റെ ശാന്തമായ മൂളലുമായി....! ജയ് ഹിന്ദ്...!!.

No comments:
Post a Comment