നേരല്ല തിരുമേനീ...
ജിം തോമസ് കണ്ടാരപ്പള്ളിൽ, നോട്ടിംഗ് ഹാം
നാണം കെട്ട ഒരു സാമൂഹ്യ പ്രക്രിയയിലൂടെയാണ് നമ്മുടെ പ്രബുദ്ധകേരളം ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. സാമൂഹ്യ-സാംസ്കാരിക രംഗത്ത് സാധാരണക്കാരിൽ അവബോധം വളർത്തേണ്ടവർ സ്വയം മറന്നു പുലഭ്യങ്ങൾ പറയുന്ന ദയനീയ കാഴ്ചയാണ് നാമിന്നു കാണുന്നത്.
കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പായാൽ അത് കർഷകർക്ക് നല്ലതോ ചീത്തയോ എന്നതവിടെ നില്ക്കട്ടെ. അതിഭീകരമാംവണ്ണം അതിന്റെ ചർച്ചകൾ ഒരു വശത്ത് നടക്കുന്നുണ്ടല്ലോ; കൂടെ സമരങ്ങളും...! അതങ്ങനെ കൊഴുക്കട്ടെ... കർഷക സ്നേഹം മൂത്ത മെത്രാനച്ചന്മാർ, വിശ്വാസികളെ ഇടഞ്ഞ ലേഖനങ്ങൾ കൊണ്ട് തെരുവിൽ ഇറക്കി, വണ്ടികളും ആപ്പീസുകളും ഒക്കെ തല്ലിപ്പൊളിച്ചു കൊണ്ടിരിക്കുകയാണല്ലോ. വനം വകുപ്പിലെ വിലപ്പെട്ട രേഖകൾ കത്തിച്ചത് മനഃപൂർവ്വമാണോ എന്ന് ആരെങ്കിലും ചിന്തിച്ചാൽ? യേയ്.. അങ്ങനെ വരാൻ വഴിയില്ല... ആക്രമണങ്ങൾ പൊതുവികാരത്തിനു എതിരാണെന്ന് കണ്ടപ്പോൾ, അതൊന്നും ഞങ്ങളല്ല എന്ന്പറഞ്ഞ് ഇറക്കി വിട്ടവർ തന്നെ പീലാത്തോസിനെ പോലെ കൈകഴുകിയതും അതുപോലെ തന്നെ വെറും തോന്നലുകൾ മാത്രം!ഇടയലേഖനങ്ങൾക്ക്, സ്നേഹത്തിന്റെയും ക്ഷേമയുടെയും സന്ദേശത്തിന് പകരം, മാവോയിസ്റ്റ് ലഖുലേഖകളുടെ സ്വരമാണ്. ഇരിക്കുന്ന കസേരയുടെ മഹത്വമോ, വിശുദ്ധിയോ അറിയാതെ ചുങ്കക്കാരന്റെ പണപ്പെട്ടി പോലെ സംരക്ഷണം പണത്തിന്റെയും സ്വത്തിന്റെയും ആയപ്പോൾ, തിരുമേനിമാരുടെ തിരുവായിൽ നിന്നും കവലച്ചട്ടമ്പികളുടെ പോലെയുള്ള സ്വരപ്രയോഗങ്ങളാണ് വരുന്നതും അങ്ങനെ തന്നെ ന്യായീകരിക്കാവുന്നതാകും!
ഒരു മെത്രാൻ പറയുന്നത് ഈ റിപ്പോർട്ട് നടപ്പാക്കിയാൽ ഇടുക്കി ജില്ല കാശ്മീരാകുമെന്നൊക്കെയാണ്. കാശ്മീരിൽ എന്ത് നടക്കുന്നുവെന്നും, അത് എത്രത്തോളം sensitive ആണ് എന്നുമൊക്കെയുള്ള കാര്യം ആ തിരുമേനിക്ക് ബോദ്ധ്യമുണ്ടോ എന്നറിയില്ല. കഴിഞ്ഞ 60 വർഷത്തിലേറെയായി, നീറുന്ന കനലായി കത്തിനിൽക്കുന്ന കാശ്മീർ പ്രശ്നം ഒരുപാട്, ഒരുപാടൊരുപാട് ജീവനുകൾ നഷ്ടപ്പെടുത്തിയിട്ടും അശാന്തിയുടെ താഴ്വര ആയി ഇന്നും തുടരുന്നു എന്നതൊക്കെ മറന്ന്, ഇത്തരത്തിൽ ഉള്ള വൈകാരീകവും സങ്കീർണ്ണവും ആയ ഒരു പ്രശ്നത്തെ, ഈ റിപ്പോർട്ട് നടപ്പാക്കിയാൽ ഉണ്ടാവുന്ന പ്രതിസന്ധിയുമായി ആയി താരതമ്യപെടുത്തുന്നതിലൂടെ മെത്രാനച്ചന്റെ സാമൂഹ്യപാഠത്തിലുള്ള മാർക്ക് വട്ടപ്പൂജ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്.
പണ്ട്, 'പഞ്ചാബ് മോഡൽ' പ്രസംഗം നടത്തിയതിന്റെ പേരിൽ മന്ത്രിപ്പണി പോയി വീട്ടിൽ ഇരിക്കുന്നവരുടെ നാട്ടിൽ, 'കാശ്മീർ'ആക്കും എന്നെല്ലാം ആവേശപൂർവ്വം അരുളിയ തിരുമേനി, ബിഷപ്പ് ഹൌസിൽ അത്യാവശ്യം മൃഷ്ടാന്ന ഭോജനവുമായി സുഖമായി ഇരിക്കുകയാണ്. ളോഹയുടെ ഇടത്തും വലത്തും ഉള്ള കീശകളിൽ ഒരുപാട് വോട്ടുകൾ ഇട്ടോണ്ട് നടക്കുന്ന മേനിമാരായാകയാൽ ഒരു സർക്കാരും ഇതിന്റെ പേരിലല്ല, ഇതിലും വലുത് പറഞ്ഞാലും ഒരു കേസും എടുക്കില്ല എന്ന് തിരുമേനിക്കറിയാം.
അതുകേട്ട് ആവേശം മൂത്ത മറ്റൊരു തിരുമേനി വിട്ടുകൊടുത്തില്ല. മതങ് കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ, അദ്ദേഹം ഉടനെ റിപ്പോർട്ട് നടപ്പാക്കിയാൽ കേരളം 'ജാലിയൻവാലാബാഗ്' ആകും എന്നങ്ങ് പ്രഖ്യാപിച്ചു സായൂജ്യമടഞ്ഞു. സ്വാതന്ത്ര്യത്തിനായി പടപൊരുതിയ ആയിരത്തിലധികം ധീരദേശസ്നേഹികൾ ബ്രിട്ടീഷ് വെടിയുണ്ടകൾക്കു മുന്നിൽ അന്നവിടെ മരിച്ചു വീണു: അങ്ങിനെ ഒരു ജനകീയ മുന്നേറ്റം ഉണ്ടായാൽ, വെടിയുണ്ടകൾ ഏറ്റു വാങ്ങാൻ തിരുമേനി തിരുവസ്ത്രം ഊരികളഞ്ഞു വിടർന്ന നെഞ്ചുമായി ഏറ്റവും മുന്നിൽ ഉണ്ടാകുമോ, അതോ സമയം ആകുമ്പോൾ റോമിൽ ബിഷപ്പ് സിനഡിൽ പങ്കെടുക്കാൻ വിമാനം കയറുമോ എന്നാണ് അറിയേണ്ടത്. കൂടെ, ഈ മേനി പറഞ്ഞത്, തങ്ങളെ നക്സലൈറ്റുകൾ ആക്കരുത് എന്നാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടോ ഗാഡ്ഗിൽ റിപ്പോര്‍ട്ടോ നടപ്പിലാക്കിയാല്‍ ഇവിടെ ചോരപ്പുഴ ഒഴുകുമെന്ന്, കര്‍ഷകരെല്ലാം നക്സലൈറ്റുകൾ ആകുമെന്ന്. പശ്ചിമ ഘട്ടം മൊത്തം നക്സലൈറ്റുകളെക്കൊണ്ട് നിറയുമെന്ന്...! അല്ലയോ പിതാവേ, ഇത്രയും വാക്കുകളൊക്കെ മതി, ജനങ്ങളെ നക്സലൈറ്റുകള്‍ ആകാന്‍ ആഹ്വാനം ചെയ്തു എന്ന കുറ്റം ചുമത്തി പിടിച്ച് അകത്തിടാന്‍ ...
സാമൂഹ്യ പ്രതിബദ്ധതയോടെ, തെറ്റുകൾക്കെതിരെ പോരാടുന്നവരെയും വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിനു വേണ്ടി സ്വന്തം കുടുംബവും നാടും സ്വത്തും ഉപേക്ഷിച്ചു സമരമുഖത്തേക്ക് ഇറങ്ങി ചെന്ന് സ്വയം ഇല്ലാതായവരെയുമാണ് അങ്ങ് നക്സലൈറ്റ് എന്ന് വിളിച്ചതെങ്കിൽ, ശരി പിതാവേ. എന്നാപ്പറയാം.... അങ്ങനെ ക്രിസ്തുവിനെപ്പോലെ ചാട്ടവാറെടുത്തിറങ്ങാൻ അങ്ങേയ്ക്കും കൂട്ടർക്കും ഇപ്പോഴുള്ള അംഗവടിയും, തലപ്പാവും, കിടന്നുറങ്ങുന്ന എസി റൂമിന്റെ തണുപ്പും, മുറ്റത്ത് കിടക്കുന്ന ബെൻസ് കാറും ഉപേക്ഷിച്ചു പോകേണ്ടി വരും... അങ്ങേയ്ക്ക് അങ്ങനെയൊരു നക്സലാകാൻ, ഒരു പാട് വലിയ മനസ്സ് വേണം; ഒരു പാട് വലിയ മനസ്സ്!
കേരളത്തിൽ നിന്നല്ല മറ്റേതെങ്കിലും ഇന്ത്യൻ സംസ്ഥാനത്ത് നിന്നും ഇത് പോലൊക്കെ വിളിച്ചു പറയാനും ഇതേ തിരുമേനിമാർ ധൈര്യം കാണിക്കണം; അതുണ്ടേൽ.. തിരുമൊഴികൾ കേട്ടാൽ തോന്നും തിരുമേനിമാർ സാമുഹ്യപാഠം പഠിച്ചത് അങ്ങ് അന്ത്യോക്ക്യായിൽ നിന്നും ഇറ്റലീന്നുമൊക്കെയാണെന്ന്. അല്ലയോ മെത്രാന്മാരേ, നിങ്ങൾ തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സംബന്ധിച്ച ബിഷപ്പ് പീറ്റര്‍ ബര്‍ണാര്‍ഡ് പെരേരയുടെ ജീവിത ചരിത്രം ഒന്ന് വായിക്കണം. അത് കഴിഞ്ഞ് പറയുകയാണെങ്കിൽ ഒരു പക്ഷെ കാര്യങ്ങള്‍ സ്വയം മനസ്സിലാകും...
കടബാദ്ധ്യതയേറി ഒരു പാട് കർഷകർ ആത്മഹത്യ ചെയ്തപ്പോഴും പട്ടിണി കിടന്നപ്പോഴും, അവിടെ തിരിഞ്ഞു നോക്കാത്ത, എൻഡോസൾഫാൻ ദുരിത മേഖലയിൽ ഒരു പ്രാവശ്യമെങ്കിലും നേരിട്ട് പോയി ആശരണരുടെ ദുഃഖം നേരിട്ട് കാണാൻ ശ്രമിക്കാത്ത സഭാനേതൃത്വം, ഇപ്പോൾ ഈ കർഷക സ്നേഹം എന്ന മുതലക്കണ്ണീരുമായി വരുന്നതെന്തിനാണെന്ന് അറിയാൻ തിരുമേനിമാർ പഠിച്ച സെമിനാരി വിദ്യാഭ്യാസത്തിന്റെഅകമ്പടിയും ദിവ്യദൃഷ്ടിയും ഒന്നും വേണ്ട; മലയോര മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിഗ്നം നേരിട്ടാൽ, ഭാവിയിൽ അവിടെ വരാൻ പോകുന്ന സ്കൂളുകളിലൂടെയും കോളേജുകളിലൂടെയും ആശുപത്രികളിലൂടെയും പള്ളികളിലൂടെയും കിട്ടാൻ പോകുന്ന കോടികൾ ഗാഡ്ഗിലണ്ണന്റെയും കസ്തുരി രംഗൻ ചേട്ടന്റെ പ്രത്യയശാസ്ത്രത്തിനു തരാൻ പറ്റില്ലല്ലോ..
ബാറും, കരിങ്കൽക്വാറിയും, റബ്ബർ എസ്റ്റേറ്റ് ഉം ഇല്ലാത്ത, നിങ്ങൾ അകലെ നിന്ന് മാത്രം നോക്കി കണ്ടിട്ടുള്ള, നിങ്ങളുടെ തിരുമുഖ ദർശനത്തിനു അനുമതി കൊടുക്കത്ത, നിങ്ങളുടെ പ്രഘോഷണങ്ങൾ മുട്ടുകാലിൽ നിന്ന് കേൾക്കുന്ന വലിയൊരു വിശ്വാസ സമൂഹം ഉണ്ട് പിതാവേ കേരളത്തിൽ; നിങ്ങൾ പറയുന്നത് കേട്ട് ജീവിക്കുന്ന, ദൈവശിക്ഷയെന്ന ഉമ്മാക്കി കാണിച്ചു ഭയപ്പെടുത്തി അടക്കി വച്ചിരിക്കുന്ന ഒരു സമൂഹം. ആ പാവങ്ങളുടെ വോട്ടിന്റെ എണ്ണം കാണിച്ചു നടത്തുന്ന ഈ മൂന്നാം കിട വിലപെശലുണ്ടല്ലോ, നല്ല ശരീര വടിവുള്ള വേശ്യയുടെ വിലപേശൽ പോലെ അറപ്പുളവാക്കുന്നതാണ്. ഇതവസാനിപ്പിചില്ലേൽ, തങ്ങൾക്കു വേണ്ടി മൂന്നാം ദിവസം ഉയിർത്തവന്റെ ശക്തിയാൽ ഇന്നല്ലേൽ നാളെ ഈ പാവം വിശ്വാസികളും ഉയർത്തെണീക്കും, തങ്ങൾ നിങ്ങളുടെ സ്വാർത്ഥലാഭത്തിനായി വഞ്ചിക്കപ്പെടുകയായിരുന്നല്ലോ എന്ന തിരിച്ചറിവിൽ... അന്നത് തടയാൻ, എ സി റൂമിലിരുന്നു എഴുതുന്ന ഈ ഇടയലേഖനങ്ങളുടെ ശക്തി പോരാതെ വരും, ജാഗ്രതൈ..!
സഭാ നേതൃത്വത്തിന് കക്ഷിരാഷ്ട്രീയക്കാരന്റെ ശൈലിയാകരുത്; ഭാഷയാകരുത്. അത് ക്രൈസ്തവ വിശ്വാസത്തിൽ അടിയുറച്ചതാകണം; ക്ഷമയുടെ,സഹനത്തിന്റെ, സ്നേഹത്തിന്റെയൊക്കെ മാതൃകയാകണം, ആയിരിക്കണം. അതാണ് ക്രിസ്തീയത. അത് തന്നെയാണ് ക്രിസ്തീയത.
എന്നാപ്പിന്നെ, എല്ലാം പറഞ്ഞതുപോലെ.
ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ...! ആമേൻ..
ജയ് ഹിന്ദ്...!
No comments:
Post a Comment